NotesWhat is notes.io?

Notes brand slogan

Notes - notes.io

Deepa Nisanth

ഒരു പരീക്ഷാഹാളിൽ വെച്ചാണ് അവനെ ആദ്യമായി കാണുന്നത്.പരീക്ഷ തുടങ്ങി അര മണിക്കൂർ കഴിയുന്നതിനു മുമ്പേ അവനെഴുന്നേറ്റു. പേപ്പറു കെട്ടാനുള്ള നൂലു ചോദിച്ചു. ഞാൻ വാച്ചിൽ നോക്കി.

"കുറച്ചു കഴിയട്ടെ.താനവിടിരിക്ക്!"

" ഇവിടിരുന്നിട്ടെന്താ?എഴുതിക്കഴിഞ്ഞു. എനിക്ക് പോണം."

അവൻ്റെ അക്ഷമയും ധിക്കാരവും എന്നെ ചൊടിപ്പിച്ചു. ഞാൻ കറയറ്റ നന്മയുടെ നിറകുടമല്ലാത്തതിനാൽ എൻ്റെ 'ടീച്ചറീഗോ' പുറത്തുചാടി. എനിക്കും വാശിയായി.

"പറ്റില്ല... അര മണിക്കൂറിനു മുമ്പേ ഞാൻ നൂലു തരുന്നില്ല."

ജോലിയിൽ പ്രവേശിച്ചിട്ടേയുള്ളൂ. എൻ്റെ ആരംഭശൂരത്വത്തിൻ്റെ ഭീകരാക്രമണം കുട്ടികൾ അനുഭവിക്കുന്ന കാലം കൂടിയാണ്. എൻ്റെ അഭിമാനപ്രശ്നമാണ്. ഞാനവനെ തറപ്പിച്ച് നോക്കിക്കൊണ്ട് നിന്നു.അവനാ നോട്ടത്തെ കണ്ണുകൾ കൊണ്ട് എതിരിട്ട് അൽപ്പനേരം നിന്നു.പിന്നെ അസ്വസ്ഥതയോടെ ബഞ്ചിലിരുന്നു.

അര മണിക്കൂർ കഴിഞ്ഞപ്പോൾ അവൻ വീണ്ടും എഴുന്നേറ്റു. നൂലിനായി കൈ നീട്ടി. അവനെ ഗൗരവത്തിലൊന്നു നോക്കിക്കൊണ്ട് ഞാൻ നൂലെടുത്ത് അവൻ്റെ കൈയിലേക്കിട്ടു. അവൻ തിരക്കിട്ട് പേപ്പർ കെട്ടി വച്ചിട്ട് പോയി.എൻ്റെ 'ഈഗോ' ജയിച്ചതിൻ്റെ ആനന്ദത്തിൽ ഞാൻ നിന്നു.

* * * *

ഒരു ദിവസം ജനറൽ ക്ലാസ്സിൽ അവൻ. അവൻ എൻ്റെ ക്ലാസ്സിലെ വിദ്യാർത്ഥിയാണെന്ന് എനിക്കതു വരെ അറിയില്ലായിരുന്നു. അറ്റൻഡൻസില്ലാത്തവരുടെ 'ബ്ലാക്ക് ലിസ്റ്റിൽ ' അവനും ഇടം പിടിച്ചിട്ടുണ്ട്. ഹാജർ പുസ്തകത്തിൽ അവൻ്റെ പേരിനു നേരെ അന്നാദ്യമായി ഞാൻ ഹാജർ രേഖപ്പെടുത്തി."ഇങ്ങനെ പോയാൽ പരീക്ഷ എഴുതേണ്ടി വരില്ലെ"ന്ന പതിവുഭീഷണി മുഴക്കി. അവൻ മിണ്ടാതെ കേട്ടിരുന്നു.

ഏറ്റവും പുറകിലത്തെ ബഞ്ചിൽ ചുവരിനോടു ചാരിയാണ് അവനിരുന്നിരുന്നത്. ക്ലാസ്സെടുക്കുന്നതിനിടയിൽ ഞാൻ നോക്കുമ്പോൾ അവനിരുന്നുറങ്ങുകയാണ്. ആ 'ശ്വാനനിദ്ര 'എന്നെ ലജ്ജാലുവാക്കി. എൻ്റെ കൺമുമ്പിൽ അവനിരുന്നുറങ്ങുന്നതിൻ്റെ അപമാനം എനിക്കു താങ്ങാനായില്ല. എൻ്റെ 'ടീച്ചർ രക്തം' തിളച്ചു. ഞാൻ പതുക്കെ അവൻ്റടുത്തേക്കു നടന്നു. അടുത്തിരുന്നവൻ്റെ കൈതട്ടലിൽ അവനുണർന്നു. ചുവന്ന കണ്ണുകളോടെ എന്നെ നോക്കി.

" കഴിഞ്ഞോ ഉറക്കം?"

അവനെഴുന്നേറ്റ് ഡസ്ക്കിൽ കയ്യൂന്നി തല കുനിച്ചു നിന്നു. എൻ്റെ മുഖത്തു നോക്കാതെ.

" ഇത്ര ബുദ്ധിമുട്ടി എന്തിനാടോ താൻ കോളേജീച്ചേർന്നേ?വേറൊരാൾടെ അവസരോം കളഞ്ഞിട്ട്.... "

വാക്കുകൾ മുഴുവനാക്കാനാവാതെ ഞാൻ ദേഷ്യം കൊണ്ട് വിക്കി. നിർവികാരനായി അവൻ നിന്നു. ജനാലയിലൂടെ പുറത്തേക്കു നോക്കിക്കൊണ്ടുള്ള ആ നിൽപ്പ് എൻ്റെ അമർഷത്തെ ഊതിക്കത്തിച്ചു.

"ഉറങ്ങാനാണെങ്കിൽ വേറെ വല്ല സ്ഥലോം നോക്ക്. ക്ലാസ്സിലിരിക്കണ്ട."

അവൻ പെട്ടെന്ന് മുന്നിലിരുന്നിരുന്ന നോട്ട് ബുക്കുമെടുത്ത് ക്ലാസ്സീന്നിറങ്ങിപ്പോയി.

ക്ലാസ്സ് മുഴുവൻ നിശ്ശബ്ദമായി ആ പോക്ക് നോക്കിയിരുന്നു.

* * * * *

തൃശ്ശൂർ റൗണ്ടിലുള്ള ബുക്സ്റ്റാളിൽ നിന്ന് പുസ്തകങ്ങൾ വാങ്ങി മടങ്ങുന്നതിനിടെയാണ് എൻ്റെ ചെരുപ്പിൻ്റെ വാറു പൊട്ടിയത്. തൊട്ടടുത്തുള്ള ചെരിപ്പ് കടയിലേക്ക് ഞാൻ കയറി. അവിടെ ഒരു ചെറിയ സ്റ്റൂളിലിരുന്നിരുന്ന പയ്യൻ മുഖമുയർത്തി. അവൻ!

പരിചിത ഭാവത്തിൽ അവനെഴുന്നേറ്റു.വായിച്ചിരുന്ന പേപ്പർ മടക്കി വെച്ചു.

" ചെരിപ്പ് നോക്കാനാ?"

" ആ "

" എങ്ങനത്ത്യാ?"

ഞാൻ ചില്ല് കൂട്ടിലിരിക്കുന്ന ഒരു ചെരിപ്പിനു നേരെ കൈ ചൂണ്ടി. അവനതെടുത്തു.അധികം തിരയാനൊന്നും തോന്നിയില്ല. പാക്ക് ചെയ്യാനൊരുങ്ങിയ അവനെ തടഞ്ഞു കൊണ്ട് ഞാനത് കൈയിൽ വാങ്ങി. എൻ്റെ പൊട്ടിയ ചെരുപ്പിൻ്റെ ഒറ്റപ്പിടിയിൽ നിന്നും കാലിനെ രക്ഷപ്പെടുത്തി പുതിയ ചെരുപ്പിനുള്ളിലേക്ക് വിരലുകളെ പ്രവേശിപ്പിച്ചു.ചെരുപ്പിടുന്നതിനിടയിൽ ഞാനവനോടു ചോദിച്ചു:

"താനിവിടാണോ?"

"ആ... അഞ്ചുമണി വരെ. "

" കോളേജി വരാറില്ലേ?"

"ഇല്ല."

"പരീക്ഷ ആവാറായില്ലേ?"

" ഉം "

" എഴുതണില്ലേ?"

" എഴുതണം"

പിന്നെന്താണ് ചോദിക്കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. അവനും ചോദ്യങ്ങളുടെ പിടിയിൽ നിന്നും രക്ഷപ്പെടാനാഗ്രഹിക്കുന്നതു പോലെ തോന്നി. ഞാൻ പൈസ കൊടുത്ത് കടയിൽ നിന്നുമിറങ്ങി.

* * * * *

ഗുരുവായൂരിൽ ഒരു രാത്രി .ഞാനും നിശാന്തും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ സിമൻ്റു തറയിൽ കുറേ നേരമിരുന്നു.പിന്നെ പതുക്കെ എഴുന്നേറ്റു. മോൻ വീട്ടിലാണ്. ഉണർന്നാൽ വാശി പിടിക്കും. മോളന്ന് ജനിച്ചിട്ടില്ല. മോനു വേണ്ടി എന്തെങ്കിലും വാങ്ങാമെന്നു കരുതി ഞങ്ങൾ അടുത്ത കടയിൽ കയറി.

വീണ്ടും അവൻ!

"ടീച്ചറേ..... " അവൻ പുഞ്ചിരിച്ച് അടുത്തേക്കു വന്നു. ആദ്യമായി അന്നാണെന്നു തോന്നുന്നു അവനെന്നെ 'ടീച്ചറേ'ന്ന് വിളിക്കുന്നത്. 

"എൻ്റെ സ്റ്റുഡൻ്റാ". ഞാൻ നിശാന്തിനോടു പറഞ്ഞു.

നിശാന്ത് അവനു നേരെ ചിരിച്ചു കൊണ്ട് കൈകൾ നീട്ടി. അവനാ കരം കവർന്നു പേരു പറഞ്ഞു പരിചയപ്പെട്ടു.

"തൃശ്ശൂരെ കടേന്ന് മാറ്യോ താൻ?" ഞാൻ ചോദിച്ചു.

"ഇല്ലാ... പകലവിടെത്തന്നാ.. രാത്രി ഇവടേം"

എനിക്ക് പെട്ടെന്ന് കുറ്റബോധം തോന്നി. ക്ലാസ്സിലിരുന്ന് ഉറങ്ങിപ്പോയ അവനെ ഞാൻ ഇറക്കിവിട്ട ആ ദിവസത്തെക്കുറിച്ചോർത്ത്.

"വീടെവിടാ?"നിശാന്താണ് ചോദിച്ചത്. അവൻ സ്ഥലം പറഞ്ഞു.

"താനപ്പോ എപ്പളാ വീടെത്താ?"നിശാന്തിൻ്റെ ആശങ്ക.

" വീട്ടീപ്പോവാറില്ല."

ചോദ്യാവലിയിൽ നിന്ന് രക്ഷപ്പെടാൻ അവൻ പെട്ടെന്ന് ചോദിച്ചു:

"ടീച്ചർക്കെന്താ വേണ്ടേ?"

നിശാന്ത് എന്തോ പറഞ്ഞു. അവനതെടുക്കാൻ അകത്തേക്കു നടന്നു. എൻ്റെ മുഖം കണ്ട് നിശാന്ത് ചോദിച്ചു:

"എന്തു പറ്റി?"

"ഒന്നൂല്ല..." ഞാൻ ചുമൽ കുലുക്കി മുകളിൽ തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക്കിൻ്റെ വർണ്ണപ്പാവകളിലേക്കു നോക്കിക്കൊണ്ടു നിന്നു. അവ കാറ്റത്ത് ഇളകിയാടുന്നുണ്ട്. ഉള്ളിൽ ഭാരം വന്നു നിറഞ്ഞ് ചലിക്കാനാവാതെ നിൽക്കുന്നത് ഞാനാണ്.

* * * * *

കുറേ നാൾ കഴിഞ്ഞ് മറ്റൊരു ദിവസം. ഡിപ്പാർട്ട്മെൻ്റിൽ ഞാൻ തനിച്ചിരിക്കുമ്പോൾ അവൻ വന്നു.കൈയിലൊരു പേപ്പറുണ്ട്.

" അസൈൻമെൻ്റാ ടീച്ചറേ... വെക്കണ്ട ഡേറ്റ് കഴിഞ്ഞത് അറിഞ്ഞില്ല. ക്ലാസ്സിലങ്ങനെ കൂട്ടുകാരാരൂല്ല."

ഞാൻ കൈ നീട്ടി ആ പേപ്പർ വാങ്ങി. ഭംഗിയുള്ള കൈപ്പട. പേപ്പറിൻ്റെ തലക്കെട്ട് മനോഹരമായി എഴുതിയിരിക്കുന്നു. ചില ചിത്രപ്പണികളുമുണ്ട്.

"താൻ വരക്കോ?"

"ഏയ്...." അവൻ നിഷേധാർത്ഥത്തിൽതലയാട്ടി.

" ഇതാരാ വരച്ചേ?"

" അത് ഞാനന്ന്യാ "

"വരക്കില്ലാന്ന് പറഞ്ഞിട്ട്.....?"

"ഇതാണോ വര?" അവൻ ചിരിച്ചു. ഞാനും.

"പരീക്ഷ എങ്ങനിണ്ടാർന്നു?"

"കാര്യല്ല. തോൽക്കും."

ആത്മവിശ്വാസത്തോടെ അവൻ പറഞ്ഞു.

"സാരല്യ..... ഇനീം എഴുതിടുക്കാലോ " ഞാനും വിട്ടുകൊടുത്തില്ല.

അവൻ പിന്നെയും ചിരിച്ചു.

" വീട്ടിലാരൊക്കിണ്ട്?"

അവൻ്റെ ചിരി മങ്ങി.മേശവിരിപ്പിൽ നഖം കൊണ്ടു കോറി അവൻ അലക്ഷ്യമായി പറഞ്ഞു.

" എല്ലാരൂണ്ട് "

" എല്ലാരുംന്ന്ച്ചാ? "

ഞാൻ വിടാൻ ഭാവമില്ല.

"അനിയത്തി..... " അവൻ വാക്കുകൾ മുറിച്ചു.

" അച്ഛനുമമ്മേം?"ഞാൻ മുറിവിൽ കുത്തിയിളക്കൽ തുടർന്നു.

"അച്ഛൻ മരിച്ചു. നേർത്തെ...."

"അമ്മ.....?"

"വീട്ടിലുണ്ട്..... "

അവൻ്റെ മുഖം അരിശം കൊണ്ട് ചുവക്കുന്നതുപോലെ.

" വീട്ടീപ്പോവാറില്ലേ താൻ?"

" ഇല്ല "

" എവിട്യാ ഉറങ്ങാ?"

"കട പൂട്ട്യാ ഗുരുവായൂര് എവടേങ്കിലും... വല്ലപ്പളും വീട്ടീപ്പൂവും.....അനിയത്തീനെക്കാണാൻ തോന്നുമ്പോ "

പിന്നെ അവൻ പൂരിപ്പിച്ചു:

"ഒറക്കൊന്നും വരില്ല ടീച്ചറേ.... എവിടക്കിടന്നാലും കണക്കാ.. " അവൻ ചിരിച്ചു.

"ന്നാ ക്ലാസ്സീപ്പോരേ... സുഖനിദ്ര വാഗ്ദാനം ചെയ്യുന്നു." സന്ദർഭത്തിൻ്റെ കനം കുറക്കേണ്ടത് എൻ്റെ ആവശ്യമായിരുന്നു. എനിക്ക് പൊള്ളാൻ തുടങ്ങിയിരുന്നു.

അവനതു കേട്ട് ചിരിച്ചു.പ്രസന്നൻ മാഷ് ഡിപ്പാർട്ട്മെൻറിൻ്റെ അകത്തേക്കു വന്നു. ക്ലാസിലേക്കു പോകാൻ നേരമായി. ഞാനെഴുന്നേറ്റു. അവൻ യാത്ര പറഞ്ഞ് എനിക്കു മുന്നിൽ നടന്നു.

* * * * *

ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ് ഞാൻ ഡിപ്പാർട്ട്മെൻ്റിലേക്കു വരുമ്പോ അവൻ പുറത്ത് എന്നെ കാത്തു നിൽക്കുന്നു. മുടിയൊക്കെ പാറി അലച്ചിലിൻ്റെ ക്ഷീണം മുഴുവൻ മുഖത്തു പേറി അവനെ കണ്ടപ്പോൾ എനിക്കാശങ്കയായി.

"എന്താടോ?"

"ടീച്ചറേ..... ഒരുപകാരം ചെയ്യണം. എനിക്ക്... എനിക്ക് കുറച്ച് പൈസ വേണം."

എന്തിനാണെന്ന് ചോദിക്കാൻ എനിക്കു തോന്നിയില്ല. അത്രക്ക് അത്യാവശ്യമാണെന്ന് പരീക്ഷീണമായ ആ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. ഞാൻ അകത്തേക്ക് നടന്ന് പേഴ്സെടുത്ത് പുറത്തു വന്നു.അത് അവനു നേരെ നീട്ടി.

" എടുത്തിട്ട് തന്നാ മതി."

അവനാ പേഴ്സ് വാങ്ങി. അതീന്ന് ഏതാനും നോട്ടുകളെടുത്തു. പേഴ്സ് തിരികെത്തന്നു.

" ഞാൻ തരാട്ടാ.... കുറച്ചു വൈകും... ന്നാലും തരും."

"തിരക്കില്ലാ..... എപ്പളാച്ചാ തന്നാ മതി."

" ആ." അവൻ ആ പൈസ പോക്കറ്റിലിട്ട്തിടുക്കത്തിൽ നടന്നകലുന്നതും നോക്കി ഞാൻ വാതിൽക്കൽ നിന്നു.

* * * * *

പിന്നീടവനെ കാണുന്നത് ഒരു പരീക്ഷക്കാലത്താണ്. "ടീച്ചറേ" ന്ന് വിളിച്ച് അവനടുത്തുവന്നു.പോക്കറ്റീന്ന് പൈസയെടുത്ത് എനിക്കു നേരെ നീട്ടി.

" അന്ന് വാങ്ങീത്..... "

" അത്യാവശ്യണ്ടെങ്കി വെച്ചോ... പിന്നെത്തന്നാ മതി."ഞാൻ പറഞ്ഞു.

" വേണ്ട ടീച്ചറേ..... പൈസണ്ട് കയ്യില്.... നോക്ക്യേ... " അവൻ മുന്നോട്ടൽപ്പം കുനിഞ്ഞ് പോക്കറ്റ് കാട്ടിത്തന്നു. ഏതാനും നൂറുരൂപാനോട്ടുകൾ പോക്കറ്റിലുണ്ടായിരുന്നു.

" പണിയെടുത്ത് കിട്ടീതാ..." അവൻ അഭിമാനത്തോടെ പറഞ്ഞു. ഞാൻ ചിരിച്ചു കൊണ്ട് കൈ നീട്ടി പൈസ വാങ്ങി.

"തിരിച്ചു തന്നില്ലെങ്കി ഇനിയെനിക്ക് ചോദിക്കാൻ തോന്നില്ല. തരാൻ ടീച്ചർക്കും മടിയാവും... അന്ന് തീരെ പറ്റാണ്ടായപ്പളാവന്നേ.... അനിയത്തീടെ ഫീസടയ്ക്കാൻ....കുറേ ഓടി അന്ന്.... "

"അനിയത്തി എവിടാ ?"

അവൻ സ്ഥലം പറഞ്ഞു.

"അന്ന് പരീക്ഷാ ഹാളില് വെച്ച് ടീച്ചറും ഞാനും വഴക്കിട്ടില്ലേ? അത് അവൾക്ക് വേണ്ടീട്ടാർന്നു... "

ഞാൻ ആകാംക്ഷയോടെ അവനെ നോക്കി.

"അവളെ ചേർക്കാൻ പോണ്ട ദിവസാർന്നു.... ട്രെയിൻ പോവുന്ന് പേടിച്ചിട്ടാ ഞാൻ..."

"എന്നോടു പറയാർന്നില്ലേ?"

"പറഞ്ഞാ വിശ്വസിച്ചില്ലെങ്കിലോ?അതാ.... "

ഞാൻ ചിരിച്ചു.

"എനിക്കന്ന് ടീച്ചറെ കൊല്ലാൻ തോന്നി. അത്രയ്ക്ക് ദേഷ്യാർന്നു. ആ പരീക്ഷാഹാളിലിരുന്ന് ഞാനെത്ര പ്രാകീന്നോ....."

ഞാനതു കേട്ട് പൊട്ടിച്ചിരിച്ചു. അവനും.

അവനന്നാണ് വീടിനെക്കുറിച്ച് പറഞ്ഞത്. രോഗബാധിതനായ അച്ഛനെയും രണ്ട് കുഞ്ഞുങ്ങളേയും വിട്ട് ഒരാൾക്കൊപ്പം ഇറങ്ങിപ്പോയ അമ്മയെക്കുറിച്ച് അവനന്ന് പറഞ്ഞു. അച്ഛൻ മരിച്ചപ്പോ അമ്മ തിരികേ വന്നത്.... തടയാൻ സാധിക്കാതെ നിരാലംബരായ രണ്ട് കുട്ടികൾ നിന്നത്.... മൺചുവരുകളുള്ള വീടിൻ്റെ ഉമ്മറത്ത് രണ്ടു കുട്ടികൾ തണുത്തു വിറച്ച് കിടന്നിരുന്നത്.... വലിയൊരു മഴയിൽ ആ വീട് നിലംപൊത്തി അകത്തു കിടന്നുറങ്ങുന്ന അമ്മയും അയാളും മരിച്ചു പോകണേന്ന് പ്രാർത്ഥിച്ച് നേരം വെളുപ്പിച്ചിരുന്നത്.....ഒക്കെ നിർവികാരതയോടെ അവൻ പറഞ്ഞു. ഞാൻ ഒന്നും മിണ്ടാതെ കേട്ടു നിന്നു. അരക്ഷിതാവസ്ഥയുടെ നീറ്റലുമായി രണ്ടു കുട്ടികൾ കുട്ടിക്കാലം ചെലവിട്ടതോർത്ത്എനിക്ക് സങ്കടം വരുന്നുണ്ടായിരുന്നു. കണ്ണീരിനെ അകത്തേക്കൊഴുക്കി ഞാൻ നിന്നു.

പറഞ്ഞ് തീർന്നപ്പോ അവനൊന്നും മിണ്ടാതെ അൽപ്പനേരം നിന്നു. വാക്കുകൾ കിട്ടാതെ ഞാനും.

" പോട്ടെ ടീച്ചറേ...."

"പരീക്ഷ എഴുതണില്ലേ?"

" തോൽക്കേള്ളൂ ..... "

"തോറ്റോട്ടെ..... എഴുതീട്ടേ തോൽക്കാവൂ.... "

അവനെൻ്റെ മുഖത്തേക്ക് നോക്കി അൽപ്പനേരം നിന്നു.

"ഞാനെഴുതിക്കോളാം ടീച്ചറേ..... "

* * * * *

മൂന്നു വർഷങ്ങൾക്കിപ്പുറം ഇന്നലെയാണ് അവനെ വീണ്ടും കണ്ടത്. മോളോടൊപ്പം ഞാൻ വീട്ടുമുറ്റത്ത് നിൽക്കുമ്പോ ഒരു ബൈക്കു നിർത്തി അവൻ ചിരിച്ചു കൊണ്ടിറങ്ങി വന്നു. എൻ്റെ കണ്ണുകൾ അത്ഭുതം കൊണ്ടു വിടർന്നു. ഞാനോടിച്ചെന്ന് ഗേറ്റു തുറന്നു.

"നമ്പറൊക്കെ മാറ്റുമ്പോ ഒന്നു പറഞ്ഞൂടേ ടീച്ചറേ... "

" എവിടാ ഇപ്പോ? എന്ത് ചെയ്യാ?"

ജോലിയെക്കുറിച്ച് അവൻ അഭിമാനത്തോടെ പറഞ്ഞു. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മോൾ അവൻ്റടുത്തേക്ക്ചെന്നു.

" മോളുണ്ടായതൊക്കെ ഞാനറിഞ്ഞു. ഒരിക്കൽ കോളേജീച്ചെന്നപ്പോ ടീച്ചറ് ലീവിലാർന്നു."

പോക്കറ്റീന്ന് മിഠായിയെടുത്ത് അവനവൾക്കു കൊടുത്തു. അവളത് വാങ്ങി ചിരിച്ചു. എടുക്കാനായി അവൻ കൈ നീട്ടിയപ്പോൾ അവൾ തെന്നി ദൂരെ മാറി.

"മോനോ? "

"ഇവടില്യ..... അച്ഛൻ്റെ കൂടെ പുറത്ത് പോയിരിക്യാ...."

അവനകത്തേക്കു കയറിയിരുന്നു. അനിയത്തിയുടെ വിവാഹമുറപ്പിച്ച കാര്യം ആഹ്ളാദപൂർവ്വം പറഞ്ഞു. എല്ലാ വിശേഷങ്ങളും പറഞ്ഞപ്പോഴും 'അമ്മ' എന്ന രണ്ടക്ഷരം അവൻ്റെ നാവിൽ വന്നില്ല.ഞാനൊന്നും ചോദിച്ചുമില്ല. ആ രണ്ടക്ഷരം കൊണ്ട് അവൻ്റെ ആഹ്ലാദങ്ങളെ മുറിവേൽപ്പിക്കേണ്ടെന്നു തോന്നി.

"ടീച്ചറ് നരച്ചൂലോ?" എൻ്റെ നെറുകയിൽ വെളുക്കെ ചിരിച്ച് അവനെ എത്തിനോക്കിയ മുടിയിഴയെ അവൻ കണ്ടുപിടിച്ചു കളഞ്ഞു.

" വയസ്സായിട്ടാവും." ഞാൻ പറഞ്ഞു.

അവൻ ചിരിച്ചു.

" ആ.... വയസ്സാവട്ടെ!"

"ടീച്ചറെന്നാ റിട്ടയേഡാവാ?"

" പത്തിരുപത്തഞ്ച് കൊല്ലം കൂടിണ്ട് "

" അപ്പളക്കും എല്ലാ മുടീം നരക്കും ലേ?"

ഞാൻ ചിരിച്ചു. ജരാനരകൾക്കെതിരെയുള്ള എൻ്റെ കവചമാണ് അധ്യാപനമെന്ന് അവനറിയില്ലല്ലോ.

ഇത്ര ആഹ്ലാദത്തോടെ അവനെ മുൻപൊരിക്കലും കണ്ടിട്ടില്ല. എൻ്റെ മനസ്സ് നിറഞ്ഞു. അവൻ്റെ ചിരി നിലക്കാതിരിക്കണേ എന്ന് ഞാൻ പ്രാർത്ഥിച്ചു. 

അകത്തു നിന്ന് അമ്മ ചായയുമായെത്തി. അവനത് വാങ്ങിക്കുടിച്ചു.അമ്മയോട് സംസാരിച്ചു. അമ്മ അകത്തേക്കു പോയപ്പോൾ അവനെഴുന്നേറ്റു.

" ഞാനിറങ്ങാ ടീച്ചറേ..... "

കൈയിൽ മടക്കിപ്പിടിച്ചിരുന്ന ഒരു കവറെടുത്ത് അവനെൻ്റെ നേരെ നീട്ടി.

"എന്താദ് ?"കവർ വാങ്ങിക്കൊണ്ടു തന്നെയാണ് ഞാൻ ചോദിച്ചത്.

" ടീച്ചർക്ക് വാങ്ങീതാ. ഞാൻ പോയിട്ട് തുറന്നു നോക്ക്യാ മതി. അല്ലെങ്കിലെന്നെകളിയാക്കും."

അവൻ പുറത്തിറങ്ങി.ഗേറ്റ് കടന്ന് ബൈക്കിൽ കയറി. കൈ ഉയർത്തി വീശി.എന്നിട്ട് ബൈക്ക് തിരിച്ചു.

ഞാൻ കൈയിലുള്ള കവർ തുറന്നു.

മാമ്പഴനിറമുള്ള ഒരു സാരി. ഒപ്പം ജയമോഹൻ്റ 'നൂറു സിംഹാസനങ്ങളും.

വായിച്ച പുസ്തകാണ്. ഞാനതു തുറന്നു.അതിൽ അവൻ്റെ കൈപ്പടയിൽ ഇങ്ങനെ....

"കണ്ണീർ ഖനനത്തിലൂടെ ഘനീഭവിച്ച എൻ്റെ ദുഃഖത്തെ പൊട്ടിച്ചിരികൊണ്ട് ഉടച്ചു കളഞ്ഞ ടീച്ചർക്ക്.....,

'അമ്മ' എന്ന രണ്ടക്ഷരം എനിക്ക് അത്രയ്ക്കൊന്നും ഇഷ്ടമല്ല. പക്ഷേ ഇടയ്ക്കെനിക്ക് തോന്നാറുണ്ട്, ടീച്ചറെ അങ്ങനെ വിളിക്കാൻ."

അക്ഷരങ്ങൾ അവ്യക്തങ്ങളാകുന്നതു പോലെ. ജലം കൊണ്ട് മുറിവേൽക്കുന്നതു പോലെ......

" എന്തിന് മർത്ത്യായുസ്സിൽ സാരമായതു ചില മുന്തിയ സന്ദർഭങ്ങളല്ല മാത്രകൾ മാത്രം.

Courtesy facebook DEEPA NISHANTH....
     
 
what is notes.io
 

Notes.io is a web-based application for taking notes. You can take your notes and share with others people. If you like taking long notes, notes.io is designed for you. To date, over 8,000,000,000 notes created and continuing...

With notes.io;

  • * You can take a note from anywhere and any device with internet connection.
  • * You can share the notes in social platforms (YouTube, Facebook, Twitter, instagram etc.).
  • * You can quickly share your contents without website, blog and e-mail.
  • * You don't need to create any Account to share a note. As you wish you can use quick, easy and best shortened notes with sms, websites, e-mail, or messaging services (WhatsApp, iMessage, Telegram, Signal).
  • * Notes.io has fabulous infrastructure design for a short link and allows you to share the note as an easy and understandable link.

Fast: Notes.io is built for speed and performance. You can take a notes quickly and browse your archive.

Easy: Notes.io doesn’t require installation. Just write and share note!

Short: Notes.io’s url just 8 character. You’ll get shorten link of your note when you want to share. (Ex: notes.io/q )

Free: Notes.io works for 12 years and has been free since the day it was started.


You immediately create your first note and start sharing with the ones you wish. If you want to contact us, you can use the following communication channels;


Email: [email protected]

Twitter: http://twitter.com/notesio

Instagram: http://instagram.com/notes.io

Facebook: http://facebook.com/notesio



Regards;
Notes.io Team

     
 
Shortened Note Link
 
 
Looding Image
 
     
 
Long File
 
 

For written notes was greater than 18KB Unable to shorten.

To be smaller than 18KB, please organize your notes, or sign in.